9744161700, 9846780807
അയ്യായിരത്തോളം പുസ്തകങ്ങളും ഏതാനും ആനുകാലികങ്ങളുമായി 2013-ല്‍ ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറികളുടെ ദക്ഷിണേഷ്യന്‍ മേധാവിയായിരുന്നി ശ്രീ പി. ജയരാജന്‍ (MBE) അവര്‍കളുടെ മേല്‍നോട്ടത്തില്‍ സര്‍വകലാശാലയുടെ അക്ഷരം കാമ്പസിലെ ഭരണകാര്യാലയത്തിലെ പരിമിതമായ ഭൗതിക സൗകര്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ലൈബ്രറിയില്‍ ഇപ്പോള്‍ ഏകദേശം 45000 ല്‍ അധികം പുസ്തകങ്ങളും നൂറിലധികം ആനുകാലികങ്ങളും 1000 ല്‍ പരം ഇ-ജേണലുകളും ലഭ്യമാണ്. 5000 ചതുരശ്ര അടി വിസ്‌തീർണമുള്ള സ്വന്തം കെട്ടിടത്തിലാണ് 2016 മുതല്‍ ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നത്. ഏകദേശം 50000-ല്‍ അധികം പുസ്തകങ്ങള്‍ ഉൾകൊള്ളാനും നൂറിലധികം പേർക്ക് ഒന്നിച്ചിരുന്ന് വായിക്കുവാനും സൗകര്യമുള്ള പുതിയ ലൈബ്രറി കെട്ടിടം എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയാണ് സജ്ജീകരിച്ചിട്ടുള്ളത്.
സര്‍വകലാശാലയുടെ ഡിജിറ്റല്‍ ലൈബ്രറി പദ്ധതി അതിന്റെ പ്രാരംഭദശയിലാണ്. കേരളസാഹിത്യ അക്കാദമിയില്‍ നിന്നും ലഭിച്ചിട്ടുള്ള ആയിരത്തോളം ഇ-പുസ്തകങ്ങളും ഏതാനും ഇ-ജേണലുകളും ഇതിനോടകം ഡിജിറ്റല്‍ ലൈബ്രറിയില്‍ ലഭ്യമാണ്. സര്‍വകലാശാല സ്വന്തമായി പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും ഇതോടൊപ്പം പുരോഗമിക്കുന്നു.
സര്‍വകലാശാലയുടെ അഭ്യര്‍ത്ഥന മാനിച്ച് മലയാളലര്‍വകലാശാലയുടെ അഭ്യുദയകാംക്ഷികളായ ഏതാനും പ്രമുഖ വ്യക്തികള്‍ തങ്ങളുടെ പുസ്തകശേഖരം സര്‍വകലാശാല ലൈബ്രറിയിലേക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രസിദ്ധീകരണത്തിലില്ലാത്തതും അപൂര്‍വ്വങ്ങളുമായ മുവായിരത്തോളം പുസ്തകങ്ങള്‍ ഇപ്പോള്‍ ലൈബ്രറിയില്‍ ലഭ്യമാണ്. മറ്റു പലരും തങ്ങളുടെ പുസതകങ്ങള്‍ നലാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യപ്പെടുന്ന ആര്‍ക്കും സര്‍വകലാശാലയുമായി ബന്ധപ്പെടാവുന്നതാണ്.
സര്‍വകലാശാലയുടെ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കുകൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് സര്‍വകലാശാലയുടെ തൊട്ടടുത്ത പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ ബിരുദധാരികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ലൈബ്രറി അംഗത്വപദ്ധതി. ഈ പദ്ധതി പ്രകാരം നൂറിലധികം പ്രദേശവാസികള്‍ സര്‍വകലാശാലയുടെ ലൈബ്രറി ഉപയോഗിച്ചുവരുന്നു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ലൈബ്രറികളിലെ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്ന ഡെല്‍നെറ്റ് നെറ്റ് വര്‍ക്കില്‍ മലയാളസര്‍വകലാശാലക്ക് അംഗത്വമുണ്ട്. അധ്യാപകരും ഗവേഷകരുമുള്‍പ്പെടെ നിരവധി പേര്‍ ഡെല്‍നെറ്റ് സേവനം ഉപയോഗിച്ചുവരുന്നു. ഡെല്‍നെറ്റ് സേവനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി സര്‍വകലാശാല ലൈബ്രറിയുമായി ബന്ധപ്പെടുക.
സര്‍വകലാശാല ലൈബ്രറി JSTOR ഡാറ്റാബേസിന്റെ വരിക്കാരാണ്. സര്‍വകാലശാല കാമ്പസില്‍ എവിടെ നിന്നുവേണമെങ്കിലും ലാപ് ടോപ്പോ കമ്പ്യൂട്ടറോ ഉപയോഗിച്ച് JSTOR സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. സാമൂഹ്യശാസ്ത്രം, മാനവിക വിഷയങ്ങള്‍ എന്നീ പഠന മേഖലകളിലായി ഏകദേശം 2500 ല്‍ അധികം അക്കാദമിക് ജേണലുകളും അവയുടെ മുന്‍ ലക്കങ്ങളും ഉള്‍ക്കൊള്ളുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇലക്ട്രോണിക് ഡാറ്റാബേസായ JSTOR - ല്‍ നിരവധി പുസ്തകങ്ങളും ലഭ്യമാണ്.
JSTOR ഡെമോണ്‍സ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും വേണ്ടി ലൈബ്രറിയുമായി ബന്ധപ്പെടുക.